Computer Fundamentals Lesson -1 | Part 1 – എന്താണ് കമ്പ്യൂട്ടർ ? (What is Computer ?)
ഈ പാഠത്തിൽ കമ്പ്യൂട്ടർ എന്താണ്, Computer എന്ന വാക്കിന്റെ ഉത്ഭവം, കമ്പ്യൂട്ടറിന്റെ പിതാവ്, കമ്പ്യൂട്ടറിന്റെ നിർവചനം എന്നിവ ലളിതമായി മലയാളത്തിൽ പഠിക്കാം.

എല്ലാവർക്കും സ്വാഗതം🙏.
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കുന്നവർ, PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവർ, പുതുതായി ജോലിക്ക് കയറിയവർ, തുടങ്ങി കമ്പ്യൂട്ടറിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും അടിസ്ഥാന കാര്യങ്ങൾ മുതൽ വ്യക്തമായി പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് കോഴ്സ് പ്രയോജനപ്പെടുത്താം.
കൂടാതെ PSC, കമ്പ്യൂട്ടർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഓരോ Lessionന്റെയും മോക്ക് ടെസ്റ്റുകൾ FREE ആയി ചെയ്തു പഠിക്കാം.
🎥 ഈ പാഠത്തിന്റെ വീഡിയോ (Lesson 1 Video)
ഈ പാഠം ആദ്യം വീഡിയോയായി കാണാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള YouTube വീഡിയോ കാണാം. തുടർന്ന് വിശദമായ കുറിപ്പുകൾ (Notes) വായിച്ച് പഠിക്കാം.
Introduction
ഇന്നത്തെ ലോകത്ത് കമ്പ്യൂട്ടർ (Computer) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം, ബിസിനസ് സ്ഥാപനങ്ങൾ, ഓഫീസ് ജോലി, ബാങ്കിംഗ്, ആശുപത്രികൾ, ശാസ്ത്ര ഗവേഷണം, ആശയവിനിമയം, വിനോദം, ഓൺലൈൻ സേവനങ്ങൾ തുടങ്ങി മിക്ക മേഖലകളിലും കമ്പ്യൂട്ടറിന്റെ ഉപയോഗം അനിവാര്യമാണ്. ഇന്ന് സ്മാർട്ട്ഫോണുകൾ മുതൽ സൂപ്പർ കമ്പ്യൂട്ടറുകൾ വരെ പ്രവർത്തിക്കുന്നത് കമ്പ്യൂട്ടറിന്റെ അടിസ്ഥാന സാങ്കേതികവിദ്യകളെ ആശ്രയിച്ചാണ്.
അതിവേഗത്തിൽ കണക്കുകൂട്ടാനും, വലിയ അളവിലുള്ള വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കാനും, കൃത്യതയോടെ പ്രവർത്തിക്കാനും കഴിയുന്നതിനാലാണ് കമ്പ്യൂട്ടർ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്.
എന്താണ് കമ്പ്യൂട്ടർ ? (What is Computer?)
ഉപയോക്താവ് നൽകുന്ന അസംസ്കൃത വിവരങ്ങൾ (Data) സ്വീകരിച്ച് (Input), നിശ്ചിത നിർദ്ദേശങ്ങൾ (Instructions) അനുസരിച്ച് അവ പ്രോസസ്സ് (Process) ചെയ്ത്, ഉപയോഗപ്രദമായ വിവരങ്ങളായോ (Information) ആവശ്യമായ ഫലങ്ങളായോ മാറ്റി നൽകുന്ന (Output) ഒരു ഇലക്ട്രോണിക് ഉപകരണമാണ് കമ്പ്യൂട്ടർ (Computer).
ആവശ്യമായ വിവരങ്ങൾ ഭാവിയിൽ ഉപയോഗിക്കാനായി സംഭരിക്കാനും (Storage) കമ്പ്യൂട്ടറിന് കഴിയും.

ലളിതമായി പറഞ്ഞാൽ, ഡാറ്റ (Data) സ്വീകരിച്ച് അതിനെ പ്രോസസ്സ് (Process) ചെയ്ത് ഉപകാരപ്രദമായ വിവരങ്ങളാക്കി (Information) മാറ്റുന്ന യന്ത്രമാണ് കമ്പ്യൂട്ടർ.
📌 ഓർക്കുക
Computer = Input (Data)→ Process → Output (Information)
ഇതാണ് കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രവർത്തന രീതി. അടുത്ത ഭാഗങ്ങളിൽ ഇത് വിശദമായി പഠിക്കും.
എന്തുകൊണ്ടാണ് കമ്പ്യൂട്ടർ ഒരു Electronic Device?
കമ്പ്യൂട്ടർ ഒരു Electronic Device ആണ്, കാരണം ഇത് വൈദ്യുതി (Electricity) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വീട്ടിലെ വൈദ്യുതി വിതരണം സാധാരണയായി AC (Alternating Current) രൂപത്തിലാണ് ലഭിക്കുന്നത്. എന്നാൽ കമ്പ്യൂട്ടറിനുള്ളിലെ ഇലക്ട്രോണിക് ഘടകങ്ങളായ Processor, RAM, Motherboard എന്നിവയ്ക്ക് പ്രവർത്തിക്കാൻ DC (Direct Current) ആവശ്യമാണ്. അതിനാൽ കമ്പ്യൂട്ടറിന്റെ Power Supply Unit (SMPS) AC വൈദ്യുതിയെ ആവശ്യമായ DC വോൾട്ടേജുകളാക്കി മാറ്റുന്നു. ഈ DC വൈദ്യുതി ഉപയോഗിച്ചാണ് കമ്പ്യൂട്ടറിനുള്ളിലെ ലക്ഷക്കണക്കിന് Transistors വിവരങ്ങൾ അതിവേഗത്തിൽ പ്രോസസ് ചെയ്യുന്നത്. അതിനാൽ, വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സർക്യൂട്ടുകളും ഘടകങ്ങളും അടങ്ങിയ ഉപകരണമായതിനാലാണ് കമ്പ്യൂട്ടറിനെ Electronic Device എന്ന് വിളിക്കുന്നത്.

Ground Connection: കമ്പ്യൂട്ടർ പോലുള്ള ഡിവൈസുകൾ safety-ക്കായി grounding/earthing connection നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. Fault current ഉണ്ടായാൽ അത് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചുവിടാൻ grounding സഹായിക്കുന്നു.
📌 ഓർക്കുക
വീട്ടിലെ വൈദ്യുതി → AC (Alternating Current)
കമ്പ്യൂട്ടറിനുള്ളിൽ പ്രവർത്തിക്കുന്നത് → DC (Direct Current)
SMPS ആണ് AC-യെ DC-യാക്കി മാറ്റുന്നത്.
കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം (Origin of the Word Computer)
Latin ഭാഷയിലെ “Computare” എന്ന വാക്കിൽ നിന്നാണ് “Compute” എന്ന വാക്കിന്റെ ഉത്ഭവം. “Computare” എന്നതിന്റെ അർത്ഥം “കണക്കുകൂട്ടുക”, “എണ്ണുക” എന്നാണ്. “Compute” എന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാണ് കമ്പ്യൂട്ടർ (Computer) എന്ന വാക്ക് ഉണ്ടായത്.
📌 രസകരമായ വിവരം : ആദ്യകാലത്ത് Computer എന്ന പദം യന്ത്രത്തെ അല്ല, കണക്കുകൾ ചെയ്യുന്ന വ്യക്തിയെ (Human Computer) സൂചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് കണക്കുകൂട്ടുന്ന യന്ത്രങ്ങൾ വികസിച്ചതോടെ അവയ്ക്കും Computer എന്ന പേര് ലഭിച്ചു.
എന്നാൽ ഇന്ന് കമ്പ്യൂട്ടർ കണക്കുകൂട്ടൽ മാത്രമല്ല ചെയ്യുന്നത്. ഡോക്യുമെന്റുകൾ തയ്യാറാക്കൽ, ഇന്റർനെറ്റ് ഉപയോഗം, വീഡിയോ എഡിറ്റിംഗ്, ഓൺലൈൻ പഠനം, ബാങ്കിംഗ്, ആശുപത്രി സേവനങ്ങൾ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence – AI) തുടങ്ങി അനേകം മേഖലകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നു.
📌 ഓർക്കുക
Compute = കണക്കുകൂട്ടുക (To Calculate)
Computer = കണക്കുകൂട്ടുന്ന ഉപകരണം (Computing Device)
കമ്പ്യൂട്ടറിന്റെ പിതാവ് (Father of Computer)
ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ് (Father of Computer) എന്നറിയപ്പെടുന്നത് ചാൾസ് ബാബേജ് (Charles Babbage) ആണ്. ഇദ്ദേഹം ഒരു പ്രശസ്ത ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനും (Mathematician), കണ്ടുപിടുത്തക്കാരനുമായിരുന്നു.
1822-ൽ ചാൾസ് ബാബേജ് Difference Engine എന്ന യന്ത്രത്തിന്റെ ആശയം അവതരിപ്പിച്ചു. പിന്നീട് 1837-ൽ അദ്ദേഹം Analytical Engine എന്ന കൂടുതൽ പുരോഗമിച്ച യന്ത്രം രൂപകൽപ്പന ചെയ്തു. ഇന്നത്തെ ആധുനിക കമ്പ്യൂട്ടറുകളുടെ അടിസ്ഥാന ആശയങ്ങൾ ഈ Analytical Engine-ൽ ഉൾപ്പെട്ടിരുന്നതിനാലാണ് അദ്ദേഹത്തെ “കമ്പ്യൂട്ടറിന്റെ പിതാവ്” എന്ന് വിളിക്കുന്നത്.

Analytical Engine-ൽ ഇന്നത്തെ കമ്പ്യൂട്ടറുകളിലേതുപോലെ Input, Processing, Memory, Output എന്നീ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സാങ്കേതിക പരിമിതികൾ കാരണം ആ കാലത്ത് ഈ യന്ത്രം പൂർണമായി നിർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് വികസിച്ച എല്ലാ കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും അത് ഒരു പ്രചോദനമായി.
കമ്പ്യൂട്ടറിന്റെ നിർവചനം (Definition of Computer)
ലളിതമായി പറഞ്ഞാൽ, കമ്പ്യൂട്ടർ Input സ്വീകരിക്കുകയും, Processing നടത്തുകയും, Output നൽകുകയും, വിവരങ്ങൾ Store ചെയ്യുകയും ചെയ്യുന്ന ഒരു ബഹുമുഖ സംവിധാനമാണ്.
നിർവചനം (Exam Definition)
കമ്പ്യൂട്ടർ എന്നത് ഡാറ്റ സ്വീകരിച്ച്, നിർദ്ദേശങ്ങൾ അനുസരിച്ച് പ്രോസസ്സ് ചെയ്ത്, അർത്ഥവത്തായ വിവരങ്ങൾ നൽകുകയും അവ സംഭരിക്കുകയും ചെയ്യുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്.
അതുകൊണ്ടാണ് ഇന്ന് കമ്പ്യൂട്ടറിനെ Electronic Data Processing (EDP) Device എന്നും വിളിക്കുന്നത്. കാരണം ഡാറ്റയെ പ്രോസസ്സ് ചെയ്ത് ഉപകാരപ്രദമായ വിവരങ്ങളാക്കി മാറ്റുക എന്നതാണ് കമ്പ്യൂട്ടറിന്റെ പ്രധാന പ്രവർത്തനം.
കമ്പ്യൂട്ടർ എങ്ങനെ പ്രവർത്തിക്കുന്നു? (How Does a Computer Work?)
ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത് നാല് പ്രധാന ഘട്ടങ്ങളിലൂടെയാണ്.
- ഇൻപുട്ട് (Input) – ഉപയോക്താവിൽ നിന്ന് ഡാറ്റ സ്വീകരിക്കുന്നു.
- പ്രോസസ്സിംഗ് (Processing) – ലഭിച്ച ഡാറ്റ പ്രോസസ്സ് ചെയ്യുന്നു.
- ഔട്ട്പുട്ട് (Output) – പ്രോസസ്സ് ചെയ്ത ഫലങ്ങൾ ഉപയോക്താവിന് നൽകുന്നു.
- സംഭരണം (Storage) – ആവശ്യമായ വിവരങ്ങൾ ഭാവിയിൽ ഉപയോഗിക്കാനായി സംഭരിക്കുന്നു.

ഈ നാല് ഘട്ടങ്ങളാണ് ഓരോ കമ്പ്യൂട്ടറിന്റെയും അടിസ്ഥാന പ്രവർത്തന രീതി. ഇവയെക്കുറിച്ച് തുടർന്നുള്ള പാഠങ്ങളിൽ വിശദമായി പഠിക്കാം.
*കുറിപ്പ്: ഈ ലേഖനത്തിലെ വിവരങ്ങൾ വിവിധ വെബ് സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ചതാണ്. വിവരങ്ങളിൽ മാറ്റങ്ങളോ ചെറിയ പിശകുകളോ ഉണ്ടാകാം. പരീക്ഷകൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും ബന്ധപ്പെട്ട ഔദ്യോഗിക സ്രോതസ്സുകൾ കൂടി പരിശോധിക്കുക.
🧠 Lesson 1 Mock Test Part 2 പേജിൽ
➡️ അടുത്ത പാഠം
Lesson 1 (Part 2) – കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകളും ഉപയോഗങ്ങളും (Characteristics and Uses of Computer)







